അകലം സാമൂഹികമായി - അടുക്കാം മാനസികമായി - അറിയാം ലോക്ക് ഡൗൺ നിയമവും




അഡ്വ. അനൂപ് ശശി, കട്ടപ്പന

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) മഹാമാരിയെന്ന് വിശേഷിപ്പിച്ച കോവിഡ് -19 വൈറസ് ലോകം മുഴുവൻ മരണത്തിന്റെ വ്യാപാരം നടത്തുമ്പോൾ അതിനെതിരെ നമ്മുടെ പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ  അത് പൂർണ്ണമായി    വിജയിപ്പിക്കുവാൻ ഒരു ജനത മുഴുവൻ ശ്രമിക്കുമ്പോഴും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോഴും, ഇപ്പോഴും ചെറിയൊരു വിഭാഗം തങ്ങൾക്കിതൊന്നും ബാധകമല്ലെന്ന് കരുതി കറങ്ങി നടക്കുന്നവർ ഉണ്ടാക്കുന്ന സാമൂഹിക വിപത്ത് അനിർവചനീയമാണ്. എന്നാൽ ഇത്തരം പ്രവർത്തികൾക്കെതിരെ നമ്മുടെ രാജ്യത്ത്  സുശക്തമായൊരു നിയമ സംവിധാനം നിലവിലുണ്ട്.

സാമൂഹിക അകലം പാലിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഗവൺമെന്റ്‌
 ക്രിമിനൽ നടപടി നിയമസംഹിതം (Crimainal Procedure Code) 144 പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ കൂട്ടം കൂടുന്ന ആളുകളെ പിരിച്ച്  വിടുവാൻ ക്രിമിനൽ പ്രോസീജിയർ കോഡിൽ 10-ാം അദ്ധ്യായത്തിലാണ് ജനങ്ങളുടെ പൊതു സമാധാനത്തിന്റെയും, പൊതു ശാന്തിയുടെയും പരിപാലനത്തെക്കുറിച്ച് (Maintaince of Public oders and tranquility) പരാമർശിക്കപ്പെടുന്നത്.

 ഇതിൽ 129-ാം വകുപ്പ് പ്രകാരം സിവിൽ ബലം ഉപയോഗിച്ച് കൂട്ടം കൂടി നിൽക്കുന്ന ഒരു സംഘത്തെ പിരിച്ച് വിടാവുന്നതാണ്. ഏതെങ്കിലും ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോ ഒരു പൊലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥനോ അല്ലങ്കിൽ അങ്ങനെ ചാർജുള്ള ഒരു ഉദ്യോഗസ്ഥന്റെ അഭാവത്തിൽ സബ് ഇൻസ്‌പെക്ടറുടെ പദവിക്ക് താഴെയല്ലാത്ത ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥന് നിയമ വിരുദ്ധമായി കൂട്ടം കൂടി നിൽക്കുന്ന സംഘത്തോടൊ, കലഹം ഉണ്ടാക്കാൻ ഇടയുള്ള അഞ്ച് അതിൽ കൂടെതലോ ആളുകളുടെ സംഘത്തോടൊ പിരിഞ്ഞ് പോകുവാൻ ആഞ്ജാപിക്കാവുന്നതാണ്. എന്നാൽ സംഘം പിരിഞ്ഞ് പോകാതിരുന്നാൽ അങ്ങനെയുള്ള സംഘത്തെ ബലം പ്രയോഗിച്ച് പിരിച്ച് വിടാവുന്നതും ആവശ്യമെങ്കിൽ അങ്ങനെയുള്ള സംഘത്തെ നിയമാനുസരണം ശിഷിക്കുന്നതിനുവേണ്ടി തടഞ്ഞു വയ്ക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്.

 ഇപ്രകാരം പ്രവർത്തിക്കുമ്പോൾ പൊലീസ് എങ്ങനെ പെരുമാറണമെന്നും, എന്തെല്ലാം നിർദ്ദേശങ്ങൾ പാലിക്കണമെന്നും 2011 ലെ കേരളാ പൊലീസ് ആക്ട് വ്യക്തമാക്കിയിരിക്കുന്നതാണ്. 2011 ലെ കേരളാ പൊലീസ് ആക്ട 39-ം വകുപ്പ് പ്രകാരം പൊലീസിന്റെ നിയമപ്രകാരമുള്ള നിർദ്ദേശങ്ങളും മറ്റും പൊതുജനം പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഒരു കുറ്റം ചെയ്തു കൊണ്ടിരിക്കുന്നതൊ, പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നധ്യത്തിൽ കുറ്റകൃത്യം ചെയ്യുന്നതോ ആയ ഏതൊരാളെയും (A),(B) വകുപ്പുകൾക്ക് വിധേയമായി അറസ്റ്റ് ചെയ്യാവുന്നതും, കുറ്റകൃത്യം ചെയ്യാൻ എന്തെങ്കിലും വസ്തുക്കൾ  ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവ പിടിച്ചെടുക്കാവുന്നതുമാണ്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നിയമാനുസരണമുള്ള ഉത്തരവ് പാലിക്കാതെ പൊതുസ്ഥലത്ത് അഞ്ച് അല്ലങ്കിൽ അധിലധികം അളുകൾ  ഒരുമിച്ച് കൂടിനിന്നാൽ പൊലീസിന് 40-ാം  വകുപ്പ് പ്രകാരം അത്തരക്കാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാവുന്നതും അത്തരക്കാരുടെ പേര്, മേൽവിലാസം എന്നിവ രേഖപ്പെടുത്തി എത്രയും വേഗം വിട്ടയക്കേണ്ടതുമാണ്. എന്നാൽ ഇപ്രകാരം ആളുകളെ നീക്കം ചെയ്യുന്നത് അറസ്റ്റായി കരുതാനോ, തുടർ നടപടികൾ സ്വീകരിക്കാനോ പാടുള്ളതല്ല. എന്നുമാത്രമല്ല മൂന്ന് മണിക്കൂറിനകം അത്തരക്കാരെ വിട്ടയ്‌ക്കേണ്ടതുമാണ്.

ഇന്ത്യയിൽ പകർച്ച വ്യാധികളായ ഡെങ്കിപ്പനി, പന്നിപ്പനി, കോളറ, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിച്ചപ്പോൾ 1897 ലെ പകർച്ച വ്യാധി നിയമം (Epidemic disease act ) നടപ്പാക്കിയിട്ടുള്ളതാണ്. എന്നാൽ ഈ നിയമത്തിനെതിരെ ബ്രിട്ടീഷ് കൊളോണിയൻ കാലത്ത് സ്വാതന്ത്ര സമര സേനാനിയായിരുന്ന ബാലഗംഗാധര തിലകൻ ഭരണ കർത്താക്കളുടെ ഈ നിയമം ഉപയോഗിച്ചുള്ള അടിച്ചമർത്തലിനെതിരെ കേസരിയിൽ ലേഖനം എഴുതുകയും, ബ്രിട്ടീഷ് ഗവൺെമെന്റ് അദ്ദേഹത്തെ 18 മാസത്തെ കഠിന തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ നിയമത്തിന് രണ്ടാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  അധികാരം നൽകുന്നത്. ഇപ്രകാരമാണ് റെയിൽവേ വഴിയോ, മറ്റ് പൊതുഗതാഗതം വഴിയോ, മറ്റ് മാർഗങ്ങൾ വഴിയോ സഞ്ചരിക്കുന്നവരെ പരിശോധിക്കാനും, സംശയിക്കുന്നവരേയും, രോഗം ഉള്ളവരേയും, ആശുപത്രികളിലോ മറ്റ് സുരക്ഷിത നിരീക്ഷണ കേന്ദ്രത്തിലോ എത്തിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്നതാണ്.

ഇപ്രകാരമുള്ള നിയമം ലംഘിക്കുന്നവരെ ഇന്ത്യൻ ശിക്ഷാ നിയമം 188-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ നിയമത്തിലെ 3-ാം ഭാഗം സർക്കാരിന് അധികാരം നൽകുന്നതാണ്. എന്നാൽ പ്രകൃതിദത്തമോ, മനുഷ്യനിർമ്മിതമോ ആയ ദുരിന്തങ്ങൾ കൈകാര്യം ചെയ്യാൻ ദേശിയ ദുരന്ത നിവാരണ നിയമം ഇതിനായി കേന്ദ്ര സർക്കാരിന് നടപ്പാക്കാവുന്നതാണ്.  കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണെങ്കിൽ  കേന്ദ്ര സർക്കാരിന് സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ നിയമം നടപ്പാക്കിയാൽ മുഴുവൻ നിയന്ത്രണങ്ങളും സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിന്റെ പരിതിയിൽ വരും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളും ഉണ്ടാകും. നിയമത്തിലെ 51 മുതൽ 60 വരേയുള്ള വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമം 188 വകുപ്പും അതാണ് സൂചിപ്പിക്കുന്നത്.

അതോടൊപ്പം തന്നെ നിലവിലെ നിയങ്ങളനുസരിച്ച് ജീവന് അപകടകരമായ ഏതെങ്കിലും രോഗത്തിന്റെ പകർച്ച വ്യാപിക്കാൻ ഇടയുള്ളതെന്ന് അറിയാവുന്ന ഏതെങ്കിലും കൃത്യം ഉപേക്ഷ പൂർവ്വം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം 269 -ാം വകുപ്പ് പ്രകാരം  6 മാസം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്നതാണ്. ജീവന് അപകടകരമാവുന്ന ഏതെങ്കിലും രോഗത്തിന്റെ പകർച്ച വ്യാപിക്കാൻ ഇടയുള്ളതെന്ന് അറിയാവുന്ന ഏതെങ്കിലും കൃത്യം വിദ്വേഷ പൂർവ്വം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം 270-ാം വകുപ്പ് പ്രകാരം രണ്ട് വർഷം തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ഏതെങ്കിലും ക്വാറന്റിൽ ചട്ടം ബോധപൂർവ്വം അനുശാസിക്കാതിരുന്നാൽ ഇന്ത്യൻ ശിക്ഷാ നിയമം 271-ാം വകുപ്പ് പ്രകാരം കുറ്റകരവും 6 മാസത്തെ തടവോ, പിഴയോ അല്ലങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ്.

നിയമങ്ങൾ പാലിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥനകൾ മാനിച്ച് നമുക്കി മഹാമാരിയെ തടയാം... ലോകത്തിന്റെ സുഖത്തിനായി നമുക്ക് പ്രാർത്ഥിക്കാം....

                                                                                                           
                                                                                                   



Post a Comment

1 Comments

  1. എന്റെ പ്രിയപ്പെട്ട ശിഷ്യൻ കൂടിയായ Adv. അനൂപ് ശശി ഈ സമയത്ത് ആവശ്യം മനസിലാക്കി വയ്‌ക്കേണ്ട നിയമങ്ങളെ കുറിച്ച് അറിവ് തന്നതിന് ഒത്തിരി നന്ദി. താങ്കൾ നാളെയുടെ വാഗ്ദാനമാണ്.

    ReplyDelete