LONG STORY | PART-1| ഞാൻ അനന്യ


സബിൻ ശശി

ഭാഗം -1

മഴ എനിക്കൊരുപാട് ഇഷ്ടമാണ്. മഴയ്ക്കും എന്നെപ്പോലെ വിവിധ ഭാവങ്ങളുണ്ട്. ചിലപ്പോൾ അവൻ എന്നെപ്പോലെ പൊട്ടിക്കരയും, ചിലപ്പോൾ ചിരിക്കും, അല്ലെങ്കിൽ ഉള്ളിലെ നൊമ്പരം ആരോടും പറയാനാവാതെ ഒരു ചാറ്റലായി പെയ്തു തുടങ്ങും. അവന്റെ കണ്ണുനീർ തുള്ളികൾ എവിടെ അവസാനിക്കുമെന്ന് എനിക്കറിയില്ല. 

പക്ഷേ ഈ തണുത്ത മഴയിലും ഞാൻ രാവിലെ എഴുന്നേൽക്കണമെന്ന് എന്റെ അച്ഛൻ കൈമളിന് നിർബന്ധമുണ്ട്. പെൺകുട്ടികൾ അതിരാവിലെ എഴുന്നേൽക്കണമെന്നാണ് കൈമളിന്റെ നിയമം. അല്ലെങ്കിൽ പിന്നെ ആ നിയമം മാത്രമായി ഞാൻ എന്തിന് ലംഘിക്കണം. ഓർമ്മ വെച്ച നാൾ മുതൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ അപ്പാടെ അനുസരിച്ചു ജീവിക്കുന്ന ഒരു സാധു പെൺകുട്ടിയാണ് ഞാൻ.

ഇന്ന് എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. ഞാൻ ഇന്നാണ് എന്റെ പോസ്റ്റ് ഗ്രാജുവേഷന് പ്രവേശിക്കുന്നത്. ഞാൻ ഇംഗ്ലീഷ് ഭാഷ ഐച്ഛിക വിഷയമായി പഠിക്കണമെന്നു തീരുമാനിച്ചതും എന്റെ അച്ഛൻ കൈമളാണ്.

എനിക്ക് ഡിഗ്രിക്ക് ഹൈ ഫസ്റ്റ് ക്ലാസ് കിട്ടിയെങ്കിലും കൈമളിന്റെ അഭിപ്രായത്തിൽ ഞാൻ ഒരു മരമണ്ടിയാണ്. 

"അയ്യോ" ! എനിക്ക് കുളിക്കണം. കിടക്കയിൽ എഴുന്നേറ്റ് ചെറിയൊരു ആലസ്യത്തോടെ ഇരുന്ന ഞാൻ ആ കട്ടിലിനോട് വിടപറഞ്ഞു. അങ്ങനെ ഞാൻ ബ്രഷ് ചെയ്തതിനു ശേഷം കുളിമുറിയിൽ എത്തി. 

ഇപ്പോൾ ഞാൻ ഷവറിന്റെ കീഴിലെ മഴ നനയുകയാണ്. നല്ല നനുത്ത മഴ. എന്റെ കണ്ണുകൾ മുഖ കണ്ണാടിയുടെ അനുവാദമില്ലാതെ തുളച്ചു കയറിയത് എന്റെ മാറിടങ്ങളിലേക്കാണ്. മുമ്പത്തേക്കാളും എന്റെ മാറിടങ്ങൾക്ക് വലുപ്പം കുറച്ചു കൂടിയിരിക്കുന്നു. അങ്ങനെ ഞാൻ കുളി പൂർത്തിയാക്കി. അപ്പോഴേക്കും മഴ കുറഞ്ഞിരുന്നു. 

"മോളേ കാപ്പി കുടിക്കാൻ വാ" ....

എന്നെ എന്റെ അമ്മ വിളിച്ചു. അപ്പോൾ ഞാൻ ഒരുങ്ങുകയായിരുന്നു. കുളിച്ചു കഴിഞ്ഞ് ഞാൻ ബോഡി ലോഷൻ ഒക്കെ തേച്ചു. മുഖത്ത് അല്‌പം പൗഡർ പൂശി. എന്റെ അമ്മയ്ക്ക് ഇഷ്ടമുള്ള പച്ച ചുരിദാറാണ് ഞാൻ ധരിച്ചത്. 

ഞാൻ ഡൈനിംഗ്  ടേബിളിലേക്ക് കടന്നു ചെന്നപ്പോൾ അമ്മ അച്ഛന്റെ പ്ലെയിറ്റിലെ പാലപ്പത്തിലേക്ക് ബീഫുകറി വിളംബി കൊടുക്കുകയായിരുന്നു. ഞാൻ ചെന്ന് ഒരു കസേര പുറകിലേക്ക് വലിച്ചതും എന്റെ അച്ഛൻ കൈമളിന്റെ നാവ് അക്രോശിച്ചു. 

"ച്ഛേ ".

ഞാൻ അപ്പോൾ ദയനീയമായി അമ്മയെ ഒന്നു നോക്കി.

"ഇരിക്കുമ്പോൾ കസേര വലിച്ചു ശബ്ദമുണ്ടാക്കി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് ഞാൻ എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട് ?"

ഇതു പറഞ്ഞുകൊണ്ട് കൈമൾ എന്നെ തുറിച്ചു നോക്കി. എന്റെ കണ്ണുകളിൽ എവിടെ നിന്നോ വെള്ളം നിറഞ്ഞു.

"ഇന്നത്തേക്കുള്ള വകയായി അച്ഛന് "

ഞാൻ മനസ്സിൽ പറഞ്ഞു.

"വായിനോക്കി നിൽക്കാതെ കഴിച്ചിട്ട് എഴുന്നേറ്റു പോടി ". ഇതു കേട്ടതും ഞാൻ പെട്ടെന്ന് കസേരയിൽ ഇരുന്നു. എന്റെ മുമ്പിലെ പ്ലെയിറ്റിൽ അമ്മ അപ്പവും, കറിയും വിളമ്പി. ഞാൻ അറിയാതെ എന്റെ കൈകൾ അപ്പം മുറിച്ചു കൊണ്ടിരുന്നു. എന്റെ മനസ്സ് അച്ഛൻ പറഞ്ഞ കുത്തുവാക്കുകൾ എടുത്തെടുത്ത് പറയുകയായിരുന്നു.

"എടീ നിന്നോട് ഞാൻ പറഞ്ഞു. കഴിക്കുവാണെ കഴിക്ക് ഇല്ലേ......."

"ഒന്നു നിർത്തു ഏട്ടാ .....മതി". എന്റെ അമ്മയുടെ നൊമ്പരം കലർന്ന വാക്കുകൾ അച്ഛന്റെ വാക്കുകളെ മുഴുവിപ്പിക്കാൻ അനുവദിച്ചില്ല.

"ഹോ നീ കൂടുതലെന്നെ ഉപദേശിക്കണ്ടാ. നിനക്കു പറ്റുവാണെങ്കിൽ നിന്റെ മകളെ ഉപദേശിക്ക്. അമ്മയെപ്പോലെ വേലിചാടരുതെന്ന്. മോള് പുതിയ കോളേജിലൊക്കെ പോകുവല്ലേ ...?"

ഇതു പറഞ്ഞുകൊണ്ട് അച്ഛൻ ഭക്ഷണം മതിയാക്കി വാഷ് ബെയ്സനരികിലേക്ക് നീങ്ങി.

"ഈ മനുഷ്യനുവേണ്ടി എന്റെ അച്ഛനേം, അമ്മേം ഉപേക്ഷിച്ച് പാതിരാത്രിക്ക് ഞാൻ വീട് വിട്ട് ഇറങ്ങിയതാ .....എന്നിട്ട് ഇപ്പം പറയുന്നേ കേട്ടില്ലേ മോളെ?". അമ്മ അച്ഛൻ കേൾക്കാതെ എന്റെ അരികിൽ നിന്നുകൊണ്ട് പറഞ്ഞു.

"കോളേജിൽ പോകുന്നതൊക്കെ കൊള്ളാം. വെല്ലോ പ്രേമവോ, മോഹവോ ആയിട്ട് ഇങ്ങോട്ടൊന്നും വന്നേക്കല്ല്. അങ്ങനെ വല്ലോം ഉണ്ടായാൽ നിന്നേം കൊല്ലും, ഞാനും ചാകും. നല്ല ആലോചന വെല്ലോം വന്നാ നിന്റെ കല്യാണം അപ്പം നടത്തും."

ഭക്ഷണം കഴിച്ചുകഴിഞ്ഞ കൈമൾ കൈയ് തുടച്ചു കൊണ്ട് എന്നോട് ഒരു ഉപദേശം പോലെ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ഭക്ഷണം മതിയാക്കി എഴുന്നേറ്റ് പോയി. അപ്പോൾ എന്റെ അമ്മ കരയുന്നുണ്ടാവാം. അത് എനിക്ക് ഊഹിക്കാൻ സാധിക്കും. ഞാൻ കോളേജിലേക്ക് ഇറങ്ങാൻ നേരം കണ്ണാടിയിൽ ഒന്നുകൂടി മുഖം വെറുതെ നോക്കി. അപ്പോഴും എന്റെ കണ്ണുകളിലെ കണ്ണുനീർ തോർന്നിട്ടുണ്ടായിരുന്നില്ല.

എന്റെ കണ്ണുകൾക്ക് ഒരു പ്രത്യേക സൗന്ദര്യം ഉണ്ടെന്ന് ഒരുപാട് ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ മുടി നീണ്ട് അല്പം ചുരുണ്ടതാണ്. ഞാൻ അതും നോക്കി നിന്നപ്പോൾ അമ്മ വന്നു എന്റെ മുടിയിൽ മെല്ലെ തഴുകി. എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം തന്നു.

"എന്റെ മോള് സുന്ദരിയാ....എന്റെ സുന്ദരി വാവ...പോയിട്ട് വാ..."

അമ്മയുടെ ആ വാക്കുകളിൽ വാത്സല്യം കലർന്ന ഒരു വലിയ അനുഗ്രഹം ഉള്ളതായി എനിക്കു തോന്നി.

"എത്ര വർഷം പഴക്കമുള്ള കോളേജാണ് ഞാൻ കാണുന്നത്. എത്രയെത്രെ മഹാപ്രതിഭകളെ വാർത്തെടുത്ത കലാലയം. ഇന്നു മുതൽ ഇതെന്റെ കലാലയമാണ്. "

ഞാൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു കൊണ്ട് കോളേജ് കവാടത്തിലേക്ക്  പ്രവേശിച്ചു. അവിടെയെല്ലാം വിദ്യാർത്ഥികളുടെ തിരക്കായിരുന്നു.

കൗമാരക്കൂട്ടങ്ങൾ വർണ്ണങ്ങളുടെ ലോകത്ത് ആടി പാടി നൃത്തം ചെയ്യുന്ന പൂങ്കാവനമായി ആ ക്യാംപസ് എനിക്കു തോന്നി. ആ ക്യാംപസ് ആകുന്ന തേൻമാവിൽ സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും വള്ളികൾ പരസ്പരം ചുറ്റിപ്പിരിഞ്ഞു കിടക്കുകയായിരുന്നു. ഞാൻ അങ്ങനെ എന്റെ പുതിയ കലാലയത്തെ നോക്കി കാണുമ്പോൾ പുറകിൽ നിന്നും ഒരു ശബ്ദം 

" എക്സ്ക്യൂസ് മീ "

ഞാൻ തിരിഞ്ഞു നോക്കിയത് ആ സുന്ദരന്റെ കണ്ണുകളിലേക്കാണ്. നല്ല വിടർന്ന കണ്ണുകളായിരുന്നു അയാളുടേത്. കട്ടിമീശയും, കുറ്റിത്താടിയും ആ മുഖത്തിന് കൂടുതൽ ഭംഗി സമ്മാനിച്ചു.

" ഈ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് എവിടാ?"

ഞാൻ അയാളെ നോക്കി നിന്നപ്പോൾ ഉടൻ തന്നെ അയാൾ ചോദിച്ചു.

"എനിക്കറിയില്ല. ഞാൻ ഫസ്റ്റ് ഇയറാണ്. ഞാനും അന്വേഷിക്കുന്നത് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റു തന്നെയാണ്. " ഞാൻ പറഞ്ഞു.

"ഓ വാട്ട് എ പ്ലെസന്റ് സർപ്രൈസ്. വി ആർ ക്ലാസ്മേറ്റ്സ്. എന്താ കുട്ടീടെ പേര്?" 

"അനന്യ. അനന്യ കൈമൾ".ഞാൻ ഒരു പരിഭ്രമത്തോടെ പറഞ്ഞു.

"വാട്ട്സ് യുവർ നെയിം ". ഞാൻ അയാളോട് ചോദിച്ചു.

"അയാം മനു. മനു ഗോപിനാഥ് ". അയാൾ പറഞ്ഞു. 

" എവിടെയായിരുന്നു ഡിഗ്രി പഠിച്ചത് ?"

" ഞാൻ ഡിഗ്രി പഠിക്കാനാണ് ഇവിടെ വന്നത്". അയാൾ മറുപടി പറഞ്ഞു. 

" വാട്ട് യു മീൻ. പി.ജി. ഫസ്റ്റ് ഇയറാന്നല്ലേ പറഞ്ഞത് "?. ഞാൻ സംശയത്തോടെ ചോദിച്ചു. 

"അല്ല, ഞാൻ ഡിഗ്രിക്ക് ജോയിൻ ചെയ്തതേ ഉള്ളു ഇവിടെ .... ഓ... നിങ്ങൾ പി.ജി ഫസ്റ്റ് ഇയറാല്ലേ? സോറി. വരട്ടെ...

ഇതു പറഞ്ഞു കൊണ്ട് അയാൾ ഒരു ചെറിയ ജാള്യതയോടെ എങ്ങോട്ടോ പോയി. എനിക്കും ചിരി വന്നു. എന്തൊക്കെയായാലും അയാളുടെ കണ്ണുകൾ എനിക്ക് മറക്കാൻ കഴിഞ്ഞില്ല......

                               (കഥ തുടരും.....)


Post a Comment

0 Comments