തോട്ടം തൊഴിലാളികള്‍ നേരിടുന്നത് മനുഷ്യാവകാശ ലംഘനം: ശ്രീനഗരി രാജന്‍


ഉപ്പുതറ:
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീനഗരി രാജന്റെ പഞ്ചായത്തിലെ പര്യടനത്തിന് ആവേശകരമായ സ്വീകരണവുമായി പ്രവര്‍ത്തകര്‍. രാവിലെ എട്ടരക്ക് വളകോടുനിന്നാരംഭിച്ച പര്യടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കുവലേറ്റത്തെത്തിയ സ്ഥാനാര്‍ത്ഥിയെ വന്‍ ജനാവലിയാണ് സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥിയെ ആരതിയുഴിഞ്ഞാണ് അമ്മമാര്‍ സ്വീകരിച്ചത്.

ഉപ്പുതറ-കുവലേറ്റം പ്രദേശത്തിന്റെ ടൂറിസം സാധ്യതകളോട് മുന്‍ജനപ്രതിനിധികള്‍ മുഖംതിരിച്ചെന്ന് ശ്രീനഗരി രാജന്‍ പറഞ്ഞു. വാഗ്ദാനങ്ങളല്ലാതെ പീരുമേട് മണ്ഡലത്തിലേക്ക് ഒന്നും നല്‍കാന്‍ ജനപ്രതിനിധികള്‍ തയ്യാറായില്ല. മനുഷ്യാവകാശ ലംഘനമാണ് തോട്ടം തൊഴിലാളികളോട് ഭരണകൂടം സ്വീകരിച്ചത്. ഇതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോണ്‍ട്രി മേഖലയില് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളും ലയങ്ങളുടെ ശോചനീയാവസ്ഥയും സ്ഥാനാര്‍ത്ഥി കണ്ട് വിലയിരുത്തി. കാറ്റാടിക്കവലയിലെത്തിയ സ്ഥാനാര്‍ത്ഥികളോട് തൊഴിലാളികള്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞു. മുതിര്‍ന്ന ആദ്യകാല ബിജെപി പ്രവര്‍ത്തകരെയും പര്യടനത്തില്‍ ആദരിച്ചു. 

രാവിലെ എട്ടിന് ആരംഭിച്ച പര്യടനം വളകോട്, കുവലേറ്റം, പശുപ്പാറ, കാപ്പിപ്പതാല്‍, കാറ്റാടിക്കവല, നാലാംമൈല്‍, കരുന്തരുവി, ലോണ്‍ട്രി, പുതുക്കട, 9ഏക്കര്‍, കാക്കത്തോട് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം ഉപ്പുതറയില്‍ സമാപിച്ചു. 

നിയോജക മണ്ഡലം പ്രസിഡന്റ് അജീഷ്‌കുമാര്‍, ജനറല്‍ സെക്ര. വി.വി. പ്രസാദ്, മുരുകന്‍ അംബിയില്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ. രാജപ്പന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.സി. വര്‍ഗീസ്, യുവമോര്‍ച്ച നേതാവ് അഡ്വ. അനൂപ് ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ALSO READ: നാല് ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍? ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


Post a Comment

0 Comments